Subscribe

Reply to comment

വനസംരക്ഷണക്കാരുടെ ലക്ഷ്യം ആദിവാസികളെ പുറത്താക്കല്‍
കോഴിമല അരിയന്‍ രാജമന്നാന്‍ രാജാവിനെ കാണാന്‍ ഇടുക്കി ജില്ലയിലെ കോഴിമലയിലേക്ക് പോകുമ്പോള്‍ കിരീടവുംചെങ്കോലും തിളങ്ങുന്ന വസ്ത്രങ്ങളുമണിഞ്ഞ ഒരു പ്രമാണിയായിരുന്നു മനസില്‍. എന്നാല്‍ കോഴിമലയിലെ മുരിക്കാട്ടുകുടിയില്‍ ഞങ്ങള്‍ കണ്ട കേരളത്തിലെ ഏക ആദിവാസി രാജാവ് നിലനില്പ്പിനായി അനുദിനം പോരാടേണ്ടി വരുന്ന ഒരു സമൂഹത്തെ മുന്നില്‍ നിന്നും നയിക്കുന്ന ഒരു സാധാരണ ആദിവാസി യുവാവായിരുന്നു. 2007ല്‍ അമ്മാവന്‍ കോവില്‍മല തേവന്‍ രാജമന്നാന്റെ മരണശേഷമാണ് അരിയന്‍ രാജാവാകുന്നത്. മന്നാന്മാര്‍ക്കിടയില്‍ മരുമക്കത്തായ സംവിധാനമാണ് നില നില്‍ക്കുന്നതെന്ന് രാജാവ് പറയുന്നു. കേരളത്തിലെ ആദിവാസികളുടെ ഭൂമി പ്രശ്നത്തെ കുറിച്ചും, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിക്കാരുടെ യഥാര്‍ത്ഥ ലക്ഷ്യത്തേക്കുറിച്ചും, ഉദ്യോഗസ്ഥ പ്രഭുത്വത്തത്തിന്റെ ചൂഷണങ്ങളെ കുറിച്ചുമെല്ലാം കോഴിമല രാജാവ് ദില്ലിപോസ്റ്റിന്റെ അഭിലാഷ് ടിയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

രാജാവ് എന്ന നിലയിലുള്ള അധികാരങ്ങള്‍ എന്തൊക്കെയാണ്?നമ്മുടെ കൂട്ടം ഏപ്പിച്ചു തന്നിരിക്കുന്ന ഒരു പദവിയാണിത്. ഇതിനങ്ങിനെ അത്ര വലിയ അധികാരങ്ങളൊന്നുമില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ അധികാരം എന്ന് പറയാനും പറ്റില്ല. നിങ്ങക്കും നമ്മക്കും ഒക്കെ അറിയാം രാജാധികാരം അവസനിച്ചിട്ട് നാളുകളായെന്ന്. നമ്മുടെ കൂട്ടത്തിനെ കൂട്ടായ്മയില്‍ നിര്‍ത്തുക, സ്വന്തം കലയെയും ആചാരങ്ങളെയും സംരക്ഷിക്കാനായി നമ്മുടെ തലമുറയ്ക്ക് വഴികാട്ടിയാവുക. പിന്നെ നമ്മുടെ ആവകാശങ്ങളൊക്കെ സര്‍ക്കാരിനോട് പറയാനും നേടിയെടുക്കാനും സ്വന്തം ആള്‍ക്കാരെ പ്രാപ്തരാക്കുക. ഇതൊക്കെയാണ് ഈ പദവികൊണ്ട് ഉദ്ദേശിക്കുന്നത്.

കോഴിമലയില്‍ എത്ര ആദിവാസി കുടുംബങ്ങളുണ്ട്?

നമ്മള് മന്നാമ്മാര് മാത്രം ഏകദേശം 46 കുടികളിലായി 140 കുടുംബങ്ങളുണ്ട്. മലമ്പണ്ടാരത്തില്‍പ്പെടുന്നവര്‍ എത്രയാണെന്ന് പറയാന്‍ കഴിയില്ല. കാരണം അവര്‍ ഇപ്പോഴും കാട്ടില്‍ തന്നെയാണ് കഴിയുന്നത്.

ഇവര്‍ക്കെല്ലാവര്‍ക്കും സ്വന്തമായി ഭൂമിയുണ്ടോ?

മന്നാന്‍ സമുദായത്തില്‍പ്പെട്ട ഏകദേശം എല്ലാവര്‍ക്കും തന്നെ ഭൂമിയുണ്ട്. പക്ഷെ അതില്‍ തന്നെ കൂടുതലും അഞ്ചു സെന്റില്‍ താഴെയാണ്. അത് പലപ്പോഴും കൃഷിയോഗ്യവുമല്ല. 

കേരളാ സര്‍ക്കാരുമായുള്ള രാജാവിന്റെ ബന്ധമെങ്ങിനെയാണ്?

നിയമപരമായി രാജാവ് എന്ന നിലയില്‍ അധികാരമൊന്നുമില്ലെന്ന്  മുമ്പ് പറഞ്ഞല്ലോ. എങ്കിലും, നമ്മുടെ  അടിയന്തിര ആവശ്യങ്ങളൊക്കെ അധികാരികളെ അറിയിച്ചാല്‍ അവരത് ചെയ്തു തരാറുണ്ട്. ഉദാഹരണത്തിന് പദ്ധതിവിഹിതത്തിന്റെ ഭാഗമായ അരിവിതരണത്തിന് കാലതാമസം, പുര കെട്ടുന്നതിന്റെ ബില്ലു മാറുക, മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളില്‍ പടിക്കുന്ന നമ്മടെ പിള്ളാരുടെ കാര്യങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എന്നിവയ്ക്കൊക്കെ അധികാരികളില്‍ നിന്നും സഹായം ലഭിക്കാറുണ്ട്.


ഇത്തരം പദ്ധതികളുടെ നയരൂപീകരണത്തിലും നടത്തിപ്പിലും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നിങ്ങളോട് അഭിപ്രായം ചോദിക്കാറുണ്ടോ?

പഞ്ചവത്സര പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കലക്ടര്‍ അധ്യക്ഷനായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മറ്റിയില്‍ നമ്മള്‍ക്ക് പങ്കാളിത്തമുണ്ട്. അവിടെ നമ്മള്‍ അഭിപ്രായങ്ങള്‍ പറയാറുമുണ്ട്.

ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായ ഊരുകൂട്ടം ഇവിടെ നടക്കാറുണ്ടോ?

ഉണ്ട്. അതില്‍ എല്ലാവരും തന്നെ വരാറുണ്ട്.

ആദിവാസികളുമായി ചേര്‍ന്ന് വനം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ രൂപീകരിച്ച എക്കോ-ഡെവലപ്മെന്റ് കമ്മറ്റികളെക്കുറിച്ച് എന്താണഭിപ്രായം?

ആദിവാസികളെ വനത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. ഇതുകൊണ്ട് പ്രയോജനം ലഭിക്കുമെന്ന്ആദ്യമൊക്കെ നമുക്കും തോന്നിയിരുന്നു. പക്ഷെ ഫലത്തില്‍ അതിനു ഗുണത്തേക്കാളേറെ ദോഷമാണുള്ളത്. അതാണ് നമ്മടെ അനുഭവം. അവരു നല്‍കിയ പൈസാ കൊണ്ട് കുളം കുഴിക്കല്‍, മരം നട്ടുപിടിപ്പിക്കല്‍ എന്നിവയൊക്കെ ചെയ്യാന്‍ കഴിഞ്ഞെങ്കിലും വനത്തിലേക്കുള്ള ആദിവാസികളുടെ സഞ്ചാരവും, വേട്ടയും , സ്വതന്ത്രമായുള്ള തേന്‍ ശേഖരണവും ഒക്കെ കര്‍ശനമായി നിയന്ത്രിക്കപ്പെട്ടു. നമ്മടെ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ പോലും ഈ കമ്മറ്റിക്കാര്‍ നമ്മെ അനുവദിക്കില്ല.      

ഇപ്പോഴും ഈ മേഖലയില്‍ ആദിവാസികളുടെ ഭൂമി കൈയ്യേറ്റം ചെയ്യപ്പെടുന്നുണ്ടോ?

വളരെ കുറച്ച്. കുറച്ചു നാളുകളായി ഇല്ലെന്നു തന്നെ പറയാം. നമ്മള്‍ മന്നാന്മാര്‍ കാട്ടുനായ്ക്കര്‍, മലമ്പണ്ടാരം എന്നിവരില്‍ നിന്നൊക്കെ മാറി. നമ്മളും മലയരയരയരെ പോലെ (കോട്ടയം ഇടുക്കി ജില്ലകളില്‍ കഴിയുന്നവര്‍) വളരെ നാളുകളായി ഒരു പ്രദേശത്ത് തന്നെ സ്ഥിരതാമസം നടത്തുന്നവരാണ്. പണ്ടുകാലത്താണങ്കില്‍ ഒരു മലയില്‍ കുറച്ചു കാലം കൃഷി ചെയ്ത് വിളവെടുപ്പും കഴിഞ്ഞ് അടുത്ത മലയിലേയ്ക്കു പോകും. എന്നാല്‍ ഇന്നത് പറ്റില്ല. ഒരു സ്ഥലത്തു മാത്രം താമസിക്കേണ്ടതിന്റെ ആവശ്യം ഇന്ന് നമ്മക്കറിയാം. അതു മാത്രമല്ല, നമ്മടെ സമുദായക്കാര്‍ ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങിയിട്ടുമുണ്ട്.

മന്നാന്‍ സമുദായക്കാരും ഒരു സ്ഥലത്ത് സ്ഥിരതാമസം തുടങ്ങിയെങ്കിലും  കാണിക്കാര്‍, മലയരയര്‍ എന്നീ സമുദായക്കാര്‍ നേടിയെടുത്ത സാമൂഹിക സാമ്പത്തിക പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ടോ?

ഇല്ലെന്നു തന്നെ പറയേണ്ടിവരും. അതിന് ചില കാരണങ്ങള്‍ കൂടിയുണ്ട്. മലയരയരും കാണിക്കാരും വളരെ നേരത്തെ തന്നെ റബ്ബര്‍, കുരുമുളക് എന്നിങ്ങനെയുള്ള നാണ്യവിളകള്‍  കൃഷി ചെയ്തു തുടങ്ങുകയും അതുവഴി ഒരു സ്ഥിരമായ വരുമാനമുണ്ടാവുകയും ചെയ്തു. ഇതിനേക്കാളുപരി അവരുടെ കുട്ടികള്‍ക്ക് സാമന്യം ഭേദപ്പെട്ട വിദ്യാഭ്യാസം ലഭിച്ചതിനാല്‍ സര്‍ക്കാര്‍ ജോലിയും കിട്ടുകയുണ്ടായി. മന്നാന്‍ സമുദായത്തെ സംബന്ധിച്ച് ഈ വളര്‍ച്ച വളരെ പതുക്കെയാണ്. ഇതിനു കാരണം സാമുഹ്യമായ പിന്നോക്കാവസ്ഥയും ഭൂമിശാസ്ത്രപരമായ ചില കാരണങ്ങളുമാണ്. നിങ്ങള്‍ ഈ പറമ്പില്‍ തന്നെ നോക്കു. റബ്ബര്‍ ഇവിടെ വളരുന്നപോലുമില്ല. ഞാനിത് പറയുന്നത് റബ്ബര്‍ മാത്രമാണ് വരുമാനമുണ്ടാക്കുന്നത് എന്ന അര്‍ത്ഥത്തിലല്ല. നമ്മുടെ പുതുതലമുറ ഇപ്പോള്‍ വിദ്യാഭ്യാസത്തിലും മറ്റും മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്. അവരിലൂടെ ഒരു മാറ്റം നമ്മള് പ്രതീക്ഷിക്കുന്നുണ്ട്.

മറ്റ് ആദിവാസി വിഭാഗങ്ങളുമായിട്ടുള്ള ബന്ധം?

ഐക്യ മലയരയ മഹാസഭയുമായി ബന്ധപ്പെട്ട് പട്ടയത്തിന്റെ കാര്യത്തിനായി നമ്മള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നാഷണല്‍ ആദിവാസി ഫെഡറേഷന്‍ ഗോത്രമഹാസഭ എന്നിവരുമായി നല്ല സഹകരണത്തിലാണ്. അവരുടെ പ്രവര്‍ത്തനങ്ങളൊക്കെ നമ്മെ അറിയിക്കാറുമുണ്ട് നമ്മള്‍ പങ്കെടുക്കാറുമുണ്ട്. 

ആദിവാസി മേഖലയില്‍ സ്വയംഭരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 1996ല്‍ പാസാക്കിയ നിയമം കേരളത്തില്‍ നടപ്പിലാക്കിയിലാക്കിയിട്ടില്ല. അതിനെക്കുറിച്ച് എന്തു പറയുന്നു?

അതിവിടെ നടപ്പിലാക്കിയിരുന്നെങ്കില്‍  വളരെ നല്ലതായിരുന്നു. ഇപ്പോഴാണെങ്കില്‍ നമ്മള്‍ സര്‍വത്ര കാര്യത്തിനും ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയക്കാരുടെയും കാലു പിടിക്കേണ്ട അവസ്ഥയാണുള്ളത്. നമ്മക്ക് സര്‍ക്കാര്‍ ഒരു വീട്  അനുവദിച്ചാല്‍ അത് എങ്ങിനെ പണിയണം എന്നു തുടക്കം മുതല്‍ അവസാനം വരെ നമ്മളെ നിര്‍ബന്ധിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാവും. അവരു പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പണിയുടെ ഓരോ ഘട്ടത്തിലും ബില്ലു മാറുമ്പോള്‍ ഇല്ലാത്തെ കാരണം പറഞ്ഞ് നമ്മളെ ബുദ്ധിമുട്ടിക്കും. ഇതു തെന്നെയാണ് എല്ലാ ആദിവാസി കോളനികളിലും നടക്കുന്നത്. നിങ്ങള്‍ നോക്ക്.. നമ്മള്‍ പണിയുന്ന ഈ വീടിന്റെ കാര്യവും മറിച്ചല്ല. ഉദ്യോഗസ്ഥര്‍  പലപ്പോഴും അവരുടെ ഔദാര്യം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ ചെയ്തു തരുന്നത്. ഇതിനൊരു അവസാനമുണ്ടായെങ്കില്‍ മാത്രമേ നമുക്ക് മുന്നോട്ട് പോവാന്‍ കഴിയൂ.

ഈ പ്രദേശത്ത് ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

ഉണ്ട്..സായിപ്പമ്മാര്‍ നടത്തുന്ന ഒരു സംഘടന ഇവിടെ കുടികളില്‍ കക്കൂസ് കുളിമുറി എനിവയൊക്കെ വച്ചുതരാറുണ്ട്. ഞാനവരുടെ സംഘടനയുടെ പേര് ഓര്‍ക്കുന്നില്ല. 

കേരളത്തിലെ ആദിവാസികളുടെ അവകാശ സമരങ്ങളുടെ ഭാവിയെ എങ്ങിനെയാണ് കാണുന്നത് ?

നമ്മള്‍ ഇന്നും എല്ലാ കാര്യങ്ങളിലും പിന്നോക്കമാണ്. മത്രവുമല്ല നമ്മള്‍ പിന്നോക്കാവസ്ഥയില്‍ കിടക്കേണ്ടത് ആരുടെയോ ആവശ്യമാണെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ മുമ്പു പറഞ്ഞ നിയമം ഇവിടെ നടപ്പിലാക്കപ്പെടാതെ പോയത്. അതിനുള്ള സാഹചര്യം  നമ്മക്കും നമ്മടെ കുട്ടികള്‍ക്കും കിട്ടുന്നില്ല എന്നതാണ് സത്യം. മാത്രവുമല്ല നമ്മടെ ആവശ്യങ്ങള്‍ക്കായി നാം രാഷ്ടീയക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ആശ്രയിക്കേണ്ട അവസ്ഥയാണിന്നുള്ളത്. ഇത് അവസാനിക്കണം. അതിനുവേണ്ടി ആദിവാസിവിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നമ്മക്ക് തോന്നുന്നത്.

ഇതോടൊപ്പം വായിക്കേണ്ടത്
ആദിവാസി വികസനം: കേരള മോഡല്‍

Reply

By submitting this form, you accept the Mollom privacy policy.
Developed and managed by SPACE | About | Policy | Report Us | Archive |