Subscribe

Reply to comment

മകാലീനകഥകളിയുടെ മറ്റൊരു കരുത്തുറ്റ പ്രതീക്ഷയുമായാണ്,ഇത്തവണ ഞാന്‍ അഭിമുഖസംവാദത്തിലേര്‍പ്പെടുന്നത്-സദനം ഭാസി.കളിയരങ്ങിന്,കല്ലുവഴിസമ്പ്രദായത്തിന്, വൈയക്തികമായ ഒരു ശൈലീവിശേഷത്തിലൂടെ വേറിട്ടൊരു മാനം നല്‍കിയ കീഴ്പ്പടം കുമാരന്‍ നായരുടെ ശിഷ്യനായ സദനം ഭാസിയെപ്പോലെ മെയ്യിന്റെ ലാഘവത്വവും അഭ്യാസബലവും തികഞ്ഞ കഥകളിനടന്മാര്‍ അധികമില്ല.

കളരിപാഠത്തിന്റെ കണക്കുകള്‍ അനായാസേന വഴങ്ങുന്ന ഭാസിയുടെ ശരീരത്തിന്റെ പരിമിതികള്‍ കൂടി ചേതോഹരമാകുന്ന വേഷമാണ് കല്യാണസൌഗന്ധികം,തോരണയുദ്ധം,ലവണാസുരവധം എന്നിവയിലെ ഹനുമാന്‍.നിയതമായ കളരിപാഠമുള്ള സ്ത്രീവേഷങ്ങളായ ഉര്‍വ്വശി,ലളിതകള്‍ എന്നിവയിലും ഭാസിയുടെ അലസതയില്ലാത്ത ആവിഷ്കരണം തിളങ്ങുന്നു.കീഴ്പ്പടം കുമാര‌ന്‍നായരാശാനോടൊപ്പം വര്‍ഷങ്ങള്‍ നടന്ന് ഭാസി നേടിയ അരങ്ങനുഭവങ്ങളും അറിവുകളും എല്ലാ കളിയരങ്ങുകളിലും അദ്ദേഹത്തിനു കൂട്ടാകുന്നു.കീഴ്പ്പടത്തോടൊപ്പമുള്ള അനുഭവങ്ങള്‍,സമകാലകഥകളിയുടെ പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സംവാദത്തില്‍ വിഷയമാകുന്നു.സംവാദത്തിലേക്ക്:
:}എങ്ങനെയാണ് കഥകളിയിലെത്തിയത്?

ഭാസി:കുട്ടിക്കാലത്തുതന്നെ അടുത്തുള്ള കഥകളികളൊക്കെ കാണുമായിരുന്നു.വാഴേങ്കട,കാന്തള്ളൂര്‍ ഉത്സവക്കളികളൊക്കെ കൂട്ടുകാര്‍ക്കൊപ്പം ചെറുപ്പത്തിലേ പോയിക്കാണാന്‍ ഉത്സാഹമായിരുന്നു.പിന്നെ,നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ സദനം ലക്ഷ്മിക്കുട്ടിടീച്ചറുടെ ഡാന്‍സ്ക്ലാസില്‍ പോയി ഡാന്‍സ് പഠിച്ചുതുടങ്ങി.അന്ന് കുറേ സ്റ്റേജില്‍ ഡാന്‍സ് കളിച്ചിട്ടുണ്ട്.പിന്നീട്,പത്താംക്ലാസിനുശേഷമാണ് ഗൌരവമായി കഥകളിപഠിക്കാന്‍ ആലോചിക്കുന്നത്.വീട്ടുകാര്‍ക്കൊന്നും സമ്മതമായിരുന്നില്ല.കലാമണ്ഡലത്തിലേക്ക് അന്ന് അപേക്ഷയയച്ചു.ഇന്റര്‍വ്യൂവില്‍ പങ്കെടുത്തെങ്കിലും സെലക്ഷന്‍കിട്ടിയില്ല.പിന്നീട് കോട്ടക്കല്‍ പി.എസ്.വി.നാട്യസംഘത്തിലേക്ക് അപേക്ഷയയച്ചു.ഇന്റര്‍വ്യൂകാര്‍ഡ് വന്നെങ്കിലും കൊണ്ടുപോകാനാളില്ലാത്തതുകൊണ്ട് പോവാനായില്ല.
അടുത്താണ് ശിവരാമന്‍‌മാമയുടെ(കോട്ടക്കല്‍ ശിവരാമന്‍)വീട്.അദ്ദേഹത്തിന്റെ വീടുമായി അകന്ന ബന്ധുത്വമുണ്ട്.അവിടേയ്ക്ക് ഇടക്കൊക്കെ പോകുമായിരുന്നു.അദ്ദേഹത്തിന്റെ വീട്ടില്‍ കുറച്ചു കളിക്കോപ്പുകളുണ്ട്,അതൊക്കെ നോക്കും.അദ്ദേഹം ഈ ഇന്റര്‍വ്യൂ വിന്റെ വര്‍ത്തമാനമറിഞ്ഞു.എന്നോട് “എന്താ പോണേന്റെ മുമ്പേ എന്നോടു പറയാഞ്ഞേ” എന്നു ചോദിച്ചു. “ഇപ്പോഴും കഥകളി പഠിക്കണംന്ന് ആഗ്രഹണ്ടോ?” എന്നും ചോദിച്ചു.ആഗ്രഹണ്ട് എന്നു പറഞ്ഞപ്പോള്‍ “ഞാന്‍ സദനത്തിലേക്ക് ഒരെഴുത്തുതരാം,ഇതു കൊണ്ടുപോയി കുമാരേട്ടന്റെ(സദനം കുമാരന്‍) അടുത്ത് കൊടുക്കുക”എന്നു പറഞ്ഞ് ഒരെഴുത്തുതന്നു.അങ്ങനെ അതുമായി ചെന്ന് സദനത്തില്‍ ചേര്‍ന്നു.
:}ആരൊക്കെയായിരുന്നു അന്ന് ഗുരുക്കന്മാര്‍?
ഭാസി:ഞാൻ ചേരുന്ന സമയത്ത് കൃഷ്ണൻ‌കുട്ടിയാശാനും(സദനം കൃഷ്ണൻ‌കുട്ടി)രാമൻ‌കുട്ടിയാശാനും(സദനം രാമൻ‌കുട്ടി-പറശ്ശിനിക്കടവ്)ആയിരുന്നു.ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും കൃഷ്ണൻ‌കുട്ടിയാശാൻ സദനത്തിൽ നിന്നു പോയി.ഒരു വർഷം കഴിഞ്ഞപ്പോൾ രാമൻ‌കുട്ടിയാശാനും.അപ്പോൾ കീഴ്പ്പടം കുമാരൻ‌നായരാശാൻ ഡൽഹിയിൽ നിന്ന് വന്ന സമയമായിരുന്നു.തുടർന്ന് കീഴ്പ്പടം ആശാൻ ആണ് ചൊല്ലിയാടിച്ചത്.ഇതിനിടക്ക് വന്ന ഒഴിവുസമയത്ത് ഹരിയേട്ടനും(സദനം ഹരികുമാർ)ചൊല്ലിയാടിച്ചിട്ടുണ്ട്.ആദ്യാവസാന സ്ത്രീവേഷങ്ങൾ മിക്കതും ചൊല്ലിയാടിച്ചതൊക്കെ കുമാരൻ‌നായരാശാൻ തന്നെയായിരുന്നു.
കീഴ്പ്പടം കുമാരൻ നായർര്‍…
:}
കളരിയിൽ കീഴ്പ്പടം ആശാൻ എങ്ങനെയായിരുന്നു?
ഭാസി:ഞാനൊക്കെ പഠിക്കുമ്പോഴേക്കും ശുണ്ഠിയൊക്കെ കുറേ കുറഞ്ഞിരുന്നു.പണ്ടൊന്നും അങ്ങനെയല്ലായിരുന്നൂന്നാണ് കേട്ടിട്ടുള്ളത്.പിന്നെ,ക്ലാസ് തീരുന്നതിനൊക്കും ഒരു കണക്കുമുണ്ടായിരുന്നില്ല.ചിലദിവസം രാവിലെ തോടയത്തിന് കയറിയാൽ,ഉച്ചയ്ക്ക് ഒന്നര വരെയൊക്കെ നിർത്താതെ ചൊല്ലിയാടിക്കും.ഏതാണോ ചെയ്യുന്നത്,അത് തീരുന്ന വരെ എന്നതാണു കണക്ക്.ഓർമ്മയുള്ള ഒരു സംഭവം,സദനം കളരിയുടെ നടത്തിപ്പ് ശരിയല്ലാന്ന് എന്തോ ഒരു പരാതി കിട്ടിയിട്ട് അതന്വേഷിക്കാനായി അക്കാദമിയിൽ നിന്ന് ഒരിക്കൽ ആളുകൾ വരികയുണ്ടായി.ആർക്കും അവർ വരുന്നകാര്യമൊന്നും അറിയില്ല.അവരുടെ കൂടെ അന്ന് വന്നിരുന്നത് കെ.ജി.വാസുവാശാനായിരുന്നു.(കലാ.കെ.ജി.വാസു)അപ്പോൾ തോടയം കഴിഞ്ഞ് പുറപ്പാടെടുത്തുകൊണ്ടിരിക്കുകയാണ്.വാസുവാശാന്റെ കണ്ടപ്പോൾ കീഴ്പ്പടം ആശാൻ “ഇരിയ്ക്കൂ” എന്ന് കൈകൊണ്ട് കാണിച്ചു.അന്ന് പാത്രചരിതാണ് ചൊല്ലിയാടിച്ചത്.(കിർമീരവധം ആദ്യഭാഗം)“ബാലേ കേൾ നീ”മുതൽ സുദർശനത്തിന്റെ പിന്മാറ്റം വരെ ചൊല്ലിയാടിക്കഴിയുമ്പോഴേയ്ക്കും സമയം ഒന്നര.വന്നവർ എഴുന്നേറ്റുപോവാനും വയ്യാത്ത ഒരു പരിതസ്ഥിതിയിൽ.അവസാനം ചൊല്ലിയാട്ടം കഴിഞ്ഞതും അവരെഴുന്നേറ്റുപോയി.അവർക്കു മനസ്സിലായി,ഇവിടെ നടക്കുന്നതെന്താണ് എന്ന്.
രാവിലത്തെ മെയ്യുറപ്പടവിന്റെ സമയത്തൊക്കെ ആരുമറിയാതെ ഏതെങ്കിലുമൊരു മൂലയിൽ വന്നുനിന്ന് വീക്ഷിക്കും.പിന്നെ എപ്പോഴെങ്കിലും പിന്നെ അതിനേപ്പറ്റി പറയുമ്പോഴാണ് നമ്മളതറിയുക.
:}കീഴ്പ്പടത്തോടൊപ്പം കുറേക്കാലം നടന്ന പരിചയം ഭാസിക്കുണ്ടല്ലോ.അന്ന് അദ്ദേഹം ഏതെല്ലാം വേഷങ്ങളാണ് പ്രധാനമായും കൂടുതൽ ചെയ്തിരുന്നത്?
ഭാസി:ഹനുമാന്മാർ തന്നെയായിരുന്നു കൂടുതൽ.പിന്നെ കീചകൻ,സന്താനഗോപാലം ബ്രാഹ്മണൻ,ബാലിവിജയം രാവണൻ…
:}നിത്യം പുനർനവീകരിക്കപ്പെടുന്ന അരങ്ങുവഴക്കങ്ങളായിരുന്നല്ലോ കീഴ്പ്പടത്തിന്റേത്.ആ ദർശനത്തോട് ഭാസിയുടെ അഭിപ്രായമെന്താണ്?
ഭാസി:അതിപ്പോൾ ഞാൻ പറയുമ്പോൾ ശിഷ്യനായതുകൊണ്ട് പറയുകയാണെന്നു വരും.അങ്ങനെ പറഞ്ഞോളൂ,എന്നാലും കുഴപ്പമില്ല.സ്ഥിരം ചെയ്യുന്നതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ടിരിക്കുന്നതിണെക്കാളും പണിയുണ്ടല്ലോ പുതിയതു ചെയ്യാൻ.മറ്റേത് “തത്തമ്മേ പൂച്ച പൂച്ച”എന്നിങ്ങനെ ചെയ്തുപോരുന്നതിൽ ശരിയുണ്ടെന്നു തോന്നുന്നില്ല.
:}സ്ഥിരം കളികണ്ടുനടക്കുന്ന,കഥകളി ഗ്രഹിതക്കാർക്കായി ആണ് കീഴ്പ്പടം പലപ്പോഴും വേഷങ്ങൾ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്.കഥകളി മനസ്സിലാവുന്നവർ ആസ്വദിച്ചാൽ മതി എന്ന മട്ട്…
ഭാസി:അതിൽ ശരിയുണ്ട്.ഒരിക്കൽ അദ്ദേഹത്തിന്റെ സന്താനഗോപാലം ബ്രാഹ്മണൻ “മൂഢാ!അതിപ്രൌഡമാം”എന്ന പദത്തിനുശേഷം,ലജ്ജിതനായി നിൽക്കുന്ന അർജ്ജുനനോട് :നിന്റെ യോഗ്യതയേറിയ വില്ല് കൊണ്ടുപോയി ചൂണ്ടയാക്കി മീൻ പിടിക്ക്”എന്നു കാണിച്ചു.കളി കഴിഞ്ഞ് അതിനെ വിമർശിച്ച ഒരാസ്വാദകനോട് “ഭാഗവതം ഒന്നു വായിച്ചുനോക്കൂ”എന്നു പറഞ്ഞത് ഓർമ്മയുണ്ട്.വ്യക്തമായ ജ്ഞാനവും കളിയാസ്വദിച്ചുപരിചയവും ഉള്ളവർക്ക് മനസ്സിലാവുന്നതായിരുന്നു ആശാന്റെ ആട്ടങ്ങളിൽ പലതും.
:}താളവിഷയത്തിൽ അദ്ദേഹത്തിനു സമാനനായി ആരുമുണ്ടായിരുന്നില്ലല്ലോ.
ഭാസി:അതു വാഴേങ്കട കുഞ്ചുനായരാശാൻ തന്നെ എഴുതിയിട്ടുണ്ടല്ലോ,താളവിഷയത്തിൽ കീഴ്പ്പടത്തെപ്പോലെ ഇത്രമാത്രം പ്രാഗത്ഭ്യമുള്ള നടന്മാർ ഇന്നില്ലെന്നു മാത്രമല്ല,മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്നോ എന്നും സംശയമാണ് എന്ന്.
:}പക്ഷേ പലപ്പോഴും അദ്ദേഹത്തിന്റെ കുസൃതികൾ മേളക്കാരെ ശരിക്കും ബുദ്ധിമുട്ടിച്ചിരുന്നു-സന്താനഗോപാലം ബ്രാഹ്മണന്റെ “എട്ടുബാലന്മാരീവണ്ണം”എന്ന് ചമ്പതാളത്തിൽ കാണിക്കുന്നത്…
ഭാസി:അതെയതെ.അവിടെയാണത് ഏറ്റവും സ്പഷ്ടമായി കണ്ടിരുന്നത്.
:}അതൊക്കെ അനുകരിക്കേണ്ടതാണെന്ന് തോന്നിയിട്ടുണ്ടോ?
ഭാസി:ഇല്ല,അതൊന്നും വേണമെന്ന് തോന്നിയിട്ടില്ല.പിന്നെ അദ്ദേഹത്തിന്റെ പോലെ താളഗ്രാഹ്യം നമുക്കില്ല.ഇനി കാണിച്ചാൽ തന്നെ,മേളക്കാർ കൃത്യായി ചേർന്നില്ലെങ്കിൽ ഒരു ഫലവുമുണ്ടാവില്ല.ആശാനൊക്കെ ഒപ്പമുണ്ടായിരുന്നത് മന്നാടിയാരൊക്കെയായിരുന്നു.എന്തുചെയ്താലും ഒപ്പം കൂടും.വേഷക്കാരുടെ കാര്യത്തിലും അതെ.ആശാന്റെ ലവണാസുരവധം ഹനുമാൻ ആ രാമന്റെ കുതിരയെ സീതാദേവിക്ക് കാണിച്ചുകൊടുക്കുമ്പോൾ ശിവരാമന്റെ സീത,പെട്ടെന്ന് നമസ്കരിക്കുകയാണല്ലോ ചെയ്യുന്നത്. “എന്തെങ്കിലും കാണിച്ചാൽ അവനത് മനസ്സിലാവും” എന്ന് ആശാൻ തന്നെ പറയുമായിരുന്നു.
:}അദ്ദേഹം നിർമ്മിച്ച യുദ്ധവട്ടങ്ങൾ,സ്വകീയമായ രീതികൾ,ഒക്കെ കളരിയിൽ പഠിപ്പിച്ചിരുന്നോ?
ഭാസി:അഷ്ടകലാശമൊക്കെ പഠിപ്പിച്ചിരുന്നു.മറ്റു സ്വന്തം രീതികളൊന്നും പഠിപ്പിച്ചിരുന്നില്ല.കണ്ടുമനസ്സിലാക്കിയതുതന്നെയാണ്.പിന്നെ,സ്ഥിരമായി ഒന്നുതന്നെ ചെയ്തുകൊണ്ടിരിക്കുന്ന പതിവ് ആശാനുണ്ടായിരുന്നില്ലല്ലോ.
:}കീഴ്പ്പടത്തിന്റെ കമലദളത്തിലെ രാവണൻ “ദാസിയാകുമുർവ്വശിയിൽ” ചെയ്യുന്നതിനിടക്ക് ചെയ്യുന്ന കഥക് അംശമുള്ള നൃത്തവിശേഷം തന്നെയാണല്ലോ ഭാസിയുടെ ലളിതയുടെ സാരിനൃത്തത്തിലുമുള്ളത്?
ഭാസി:അതെ അതിലെ രീതികൾ തന്നെയാണ്.പക്ഷേ,അതു പൂർണ്ണമായൊന്നും എടുക്കാനാവില്ല.ആ കറങ്ങിച്ചെയ്യുന്ന ചുവടുകളൊക്കെ അദ്ദേഹം ചെയ്യുമ്പോഴാണ് ഭംഗി വരുന്നത്.
:}രംഗസ്ഥലം മാറുന്നതിനേക്കുറിച്ചൊക്കെ ഇത്രയും ആരും ചിന്തിച്ചുകണ്ടിട്ടില്ല.
ഭാസി:അക്കാര്യത്തിലൊക്കെ അദ്ദേഹം ചിന്തിച്ചിടത്തൊന്നും നമ്മളെത്തിയിട്ടില്ല.നളചരിതം രണ്ടാംദിവസത്തിലെ അദ്ദേഹത്തിന്റെ കാട്ടാളൻ,തിരനോക്കോടെയും തിരനോക്കില്ലാതെ ഉറങ്ങുന്ന പോസിൽ ആയിട്ടും കണ്ടുകാണുമല്ലോ.ഉണർന്നശേഷം,വാതിൽ തുറന്നുനോക്കി,“കണ്ണിൽകുത്തിയാൽ കാണാത്ത ഇരുട്ട്”എന്നു കാണിച്ച് വീണ്ടും വാതിലടക്കുന്നു.പിന്നെ “ആരവമെന്തിതറിയുന്നിതോ”എന്ന പദത്തിന്റെ പകുതിയിൽ,“ഉരത്തെഴും തിമിരം വെൽ‌വാൻ”എന്നിടത്താണ് സൂര്യനുദിച്ചുതുടങ്ങുന്നത്.പിന്നീടുള്ള ഓരോ ഇടകളിലും ആ യാത്രയെ കൃത്യമായി ദ്യോതിപ്പിക്കും. “അപുത്രമിത്രാകാന്താരം”ആകുമ്പോഴേക്കും കുടിൽ വിട്ട് ഏറെ ദൂരം പിന്നിട്ടു എന്ന പ്രതീതി ഉണ്ടാക്കിയെടുക്കുകയാണ്.
:}കഥകളിയിലെ മഹാചാര്യന്മാരെക്കുറിച്ചുപറയുന്ന പലയിടത്തും,കീഴ്പ്പടത്തെ അവഗണിക്കുകയും അനാദരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലേ?
ഭാസി:തീർച്ചയായും.കീഴ്പ്പടത്തെ അറിയുകതന്നെ,കേട്ടിട്ടുതന്നെയില്ല എന്നു പറയുന്നവരെ കണ്ടിട്ടുണ്ട്.ഇതിനുതിരിച്ചും അനുഭവമുണ്ട്,ലവണാസുരവധം ഹനുമാൻ കഴിഞ്ഞ് അണിയറയിൽ വന്ന് “ഞങ്ങൾക്കിന്ന് രാമായണത്തിലെ ഹനുമാനെ കാണാൻ കഴിഞ്ഞു”എന്നു പറഞ്ഞ് നമസ്കരിച്ച് പോകുന്നവരെയും കണ്ടിട്ടുണ്ട്.
:}കഥകളിയിലെ ബൌദ്ധികലോകം പലപ്പോഴും കീഴ്പ്പടത്തെ അവഗണിച്ചത് എന്താവാം?
ഭാസി:അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത ഒരാളെ,അയാൾ എത്ര വലിയവനായാലും അദ്ദേഹം വകവെയ്ക്കുമായിരുന്നില്ല.അതദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു.
:}കീഴ്പ്പടത്തിന്റെ രംഗശൈലികളെ പിന്തുടരുന്നു എന്നു തോന്നിയിട്ടുള്ളത് ആരുടെ വേഷങ്ങൾ കാണുമ്പോഴാണ്?
ഭാസി:സദനം ബാലകൃഷ്ണാ‍ശാന്റെ വേഷങ്ങളാണ് കൃത്യമായി അദ്ദേഹത്തിന്റെ മാർഗം തുടരുന്നതായി തോന്നിയിട്ടുള്ളത്.മറ്റുപലരിലും അംശങ്ങൾ ഇല്ലെന്നില്ല.
സ്വവേഷങ്ങളുടെ വഴിത്താര...
:}
സദനം ഭാസി എന്ന നടനെ ആദ്യം ഞങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ദക്ഷയാഗത്തിലെ ഭദ്രകാളിയിലൂടെയാണ്.പിന്നെ,നക്രതുണ്ഡിയിലൂടെയും.എങ്ങനെയായിരുന്നു ഈ ഭദ്രകാളിയൊക്കെ ഇത്രമാത്രം പ്രസിദ്ധമായത്?
ഭാസി:ചെറുപ്പത്തിലേ താണ്ഡവപ്രധാനമായ വേഷങ്ങളോട് എനിക്ക് താല്പര്യമായിരുന്നു.ഒരു കോട്ടക്കൽ ഉത്സവമാണെന്നാണോർമ്മ,അതാണ് ഭദ്രകാളിയെ എന്നിലെത്തിച്ചത്.പരിയാനമ്പറ്റ ദിവാകരന്റെ വീരഭദ്രനായിരുന്നു.സദനം കൃഷ്ണൻ‌കുട്ടിയാ‍ശാന്റെ ദക്ഷൻ.ഒരു ഭാഗത്ത് ചെണ്ടയിൽ മന്നാടിയാരാശാൻ.മറുവശത്ത് തൃത്താല കേശവപ്പൊതുവാൾ.രണ്ടുചെണ്ട വേറെയും.ഗംഭീരമായ അരങ്ങ്,നിറഞ്ഞ സദസ്സ്.അന്നത്തെ ചെറുപ്പത്തിൽ,കലാശങ്ങളൊക്കെ എടുക്കാൻ ഒരു പ്രത്യേകഹരമായിരുന്ന കാലം.ആ ദക്ഷയാഗം വലിയ അഭിപ്രായമുണ്ടാക്കി.പിന്നെയാണ് ഈ ഭദ്രകാളിക്ക് ഞാൻ സ്ഥിരമാകുന്നത്.പിന്നെപ്പിന്നെ അതുമാത്രമായി വിളിക്കുമ്പോൾ ഞാൻ കൂടെ, ഒരു വേഷം കൂടിതരണം എന്നു പറയാറുണ്ട്.ഇപ്പോൾ ചിലർക്കൊപ്പമേ അതു പതിവുമുള്ളൂ.
:}ഹനുമാൻ കെട്ടുമ്പോൾ ആശാന്റെ മാർഗം തന്നെയാണല്ലോ പിന്തുടരുന്നത്.
ഭാസി:കഴിയുന്നതും അങ്ങനെ ചെയ്യാൻ ശ്രമിക്കാറുണ്ട്.തോരണയുദ്ധം ഹനുമാൻ ആദ്യം ചെയ്യാൻ പോകും മുൻപ് ആശാനെ വീട്ടിൽ‌പോയി കണ്ടു. “നീ വരും എന്ന് എനിക്കറിയാമായിരുന്നു”എന്ന് ആശാൻ പറഞ്ഞു.അന്ന് വിശദമായി ഹനുമാന്റെ രംഗാവിഷ്കരണം പറഞ്ഞുതന്നു.നിവൃത്തിയുണ്ടെങ്കിൽ,തിരനോക്കിനുശേഷം താഴെനിന്നുള്ള ആട്ടങ്ങൾ ചെയ്യണം എന്നു പറഞ്ഞു.സ്റ്റൂളിൽ കയറിനിന്ന് ചെയ്യുമ്പോൾ പല മുദ്രകളും ചെയ്യുന്നതിന്റെ ഭംഗി കുറയും.കാലിന്റെ ചലനസാധ്യതയില്ലാതെ സമുദ്രലംഘനം ചെയ്യുന്നത് ശരിയല്ല.പഴയരീതിയനുസരിച്ച്,താഴെനിന്നുള്ള ആട്ടമൊക്കെ കുട്ടിഹനുമാനാണ്.സമുദ്രലംഘനത്തിനായി പർവ്വതത്തിനു മുകളിൽ കയറുന്നതു മുതലാണ് വലിയ ഹനുമാൻ വരുന്നുള്ളൂ.
:}ലങ്കാദഹനസമയത്ത് രാവണന്റെ അടുത്ത് പന്തം കാട്ടുമ്പോൾ,രാവണന്റെ പിന്മാറ്റത്തിൽ ഒരു നൃത്തവിശേഷം,“തൊട്ടേനേ ഞാൻ കൈകൾ കൊണ്ടു”വിന് ദമയന്തിയും ഹംസവും ചേർന്നുചെയ്യുമ്പോലെ ഒന്ന്, ഭാസി ചെയ്തുകണ്ടിട്ടുണ്ടല്ലോ?
ഭാസി:അതു കണ്ടത് പത്മനാഭനാശാനിലാണ്.കുമാരൻ‌നായരാശാന്റെ ഹനുമാനും,പത്മനാഭൻ നായരാശാന്റെ രാവണനുമായുള്ള ഒരു തോരണയുദ്ധം അരങ്ങിൽ.കളി കഴിഞ്ഞ് മുഖം തുടയ്ക്കുമ്പോൾ ആശാൻ പത്മനാഭനാശാനോട് പറയുന്നതു കേട്ടു,“അതുകണ്ടപ്പോൾ ഗുരുനാഥനും കവളപ്പാറയും കൂടി ചെയ്തിരുന്നതാ ഓർമ്മ വന്നത്” എന്ന്.അതൊരു പഴക്കമുള്ള രീതിയാണെന്ന് മനസ്സിലായി.എന്നെങ്കിലും അവസരം ലഭിക്കുമ്പോൾ അതുചെയ്യണം എന്ന് അന്നേ കരുതിയിരുന്നു.
:}ഈ പ്രായത്തിൽ താങ്കളെപ്പോലുള്ളവർ ചെയ്യുന്ന അഭ്യാസത്തിനടുത്തുപോലും പുതിയ കുട്ടികൾ എത്തിക്കാണാനില്ലല്ലോ?
ഭാസി:പഠനത്തിലുള്ള നിഷ്കർഷയിലും,അധ്യാപനത്തിലും സംഭവിക്കുന്ന അയവുതന്നെയാണ് കാരണം.മെയ്യില്ലാതെത്തന്നെ പൊക്കിപ്പറയാൻ ആളുണ്ടെങ്കിൽ പിന്നെ മെയ്യുണ്ടാക്കാനായി കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ.താണുനിന്ന് വൃത്തിയായി ചൊല്ലിയാടാൻ കഴിയുന്നവർ കുറവാണ്.പിന്നെ,അനുകരണത്തിന്റെ പ്രശ്നവുമുണ്ട്.സ്ത്രീവേഷം ചെയ്യുന്നവർ,മുദ്രകളെ കൃത്രിമമായി അയച്ചുകാണിച്ച് വികൃതമാക്കുന്നത് കാണാം.സ്വാഭാവികമായി പരിചയം കൊണ്ടും കൈത്തഴക്കം കൊണ്ടും വരേണ്ട അയവ്,കൃത്രിമമായി അനുകരിച്ചുണ്ടാക്കുമ്പോൾ നന്നാല്ലാതാവുന്നു.
:}മേളക്കാരിലും പാട്ടുകാരിലും ഇതു സംഭവിക്കുന്നില്ലേ?
ഭാസി:തീർച്ചയായും.വേഷത്തിന്റെ ഘനത്തിനനുസരിച്ചല്ല,അതുകെട്ടുന്ന ആളുടെ വലിപ്പത്തിനനുസരിച്ചാണ് പ്രാമാണികമേളക്കാർ തന്നെ കൊട്ടുന്നത്.ഇതൊക്കെ അടുത്ത കാലത്ത് സംഭവിച്ചതാണ്.
:}ഏറ്റവും കൂടുതൽ പുതിയ കഥകളിൽ വേഷങ്ങൾ ചെയ്ത കഥകളിനടന്മാരിലൊരാളാവും ഭാസി.ഈ പുതിയ കഥകളുടെ രചനയും ആവിഷ്കാരവും കഥകളിക്കെന്തെങ്കിലും ഗുണം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ?ഇത്തരം കഥകളികളെപ്പറ്റി എന്താണഭിപ്രായം?
ഭാസി:ഹരിയേട്ടനൊക്കെ(സദനം ഹരികുമാർ)ചെയ്യുന്ന പുതിയ കഥകൾ,പലവട്ടം കളരിയിൽ ചൊല്ലിയാടിയുറച്ചാണ് അരങ്ങത്തെത്തുന്നത്.അപ്പോൾ കുഴപ്പമൊന്നുമില്ല.അതൊന്നുമില്ലാതെ,എഴുതിവെയ്ക്കുന്നവർക്ക് ആ ബാധ്യതയോടെ തീരും വിധത്തിൽ,പിന്നെ കഥകളിക്കാർ അവരുടെ ഇഷ്ടത്തിന് കളിച്ചോട്ടെ എന്ന സമീപനത്തിൽ കുറേ കഥകളിറങ്ങുന്നുണ്ടല്ലോ.അതൊന്നും ഒരു ഗുണവും ചെയ്യുമെന്ന് തോന്നുന്നില്ല.
:}താങ്കളുടെ വളർച്ചയിൽ ഏറ്റവും സഹായിച്ച വ്യക്തികൾ…
ഭാസി:ഏറ്റവും കൂടുതൽ മികച്ച വേഷങ്ങൾ തരികയും,പ്രോത്സഹിപ്പിക്കുകയും ചെയ്ത ഒരാൾ കുഞ്ചുവേട്ടനാണ്.ഹനുമാന്മാരും,ഉർവ്വശി ലളിതമാരും ഒക്കെ അദ്ദേഹമാണ് എനിക്കു തന്നത്.

:}കഥകളിയുടെ നന്മയെപ്പറ്റി വാചാലമാകുന്നതിനിടയ്ക്ക് കഥകളിക്കാരനെ മറന്നു പോവുന്നുണ്ടോ?
ഭാസി:കഥകളിക്കാരുണ്ടെങ്കിലേ കഥകളിയുള്ളൂ.അക്കാര്യം ആരും ആലോചിക്കുന്നില്ല.തിരുവിതാംകൂറിൽ നിന്ന് ഇങ്ങോട്ട് യുവനടന്മാരെ കൊണ്ടുവന്ന് വേഷം കെട്ടിക്കുന്നുണ്ട്.ഇവിടെ നിന്ന് എത്രപേരെ അങ്ങോട്ടുവിളിക്കുന്നുണ്ട്?ഇതൊക്കെ ആലോചിക്കേണ്ട വിഷയങ്ങളാണ്.

Reply

By submitting this form, you accept the Mollom privacy policy.
Developed and managed by SPACE | About | Policy | Report Us | Archive |