Subscribe

ഇവിടം സ്വര്‍ഗമാണോ?

'ഇവിടം സ്വര്‍ഗമാണ്' പതിവു മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് സുനീഷ്.ദേശീയ അവാര്‍ഡുകളില്‍ മലയാളത്തിന് കാര്യമായ പരിഗണനയൊന്നും ലഭിച്ചില്ലെന്നതാണ് സിനിമാ ലോകത്തെ നിലവിലെ സംസാര വിഷയം. 2008ലിറങ്ങിയ സിനിമകളാണ് പ്രതിക്കൂട്ടില്‍. അവയില്‍ തള്ളാവുന്നവയേവ, കൊള്ളാവുന്നവയേവ എന്ന ചര്‍ച്ച ഒരു ഭാഗത്ത് തുടരട്ടെ. പക്ഷേ, മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അല്പമൊക്കെ വ്യത്യസ്ഥമായ ഒരു വര്‍ഷമായിരുന്നു 2009. മാറ്റത്തിന്റെ അലകള്‍ കേട്ടു തുടങ്ങിയ വര്‍ഷം. 'ഇങ്ങിനെയൊക്കെ ആയാല്‍ പോരെ' എന്ന പതിവു സിനിമാപിടുത്തവുമായി അധികകാലം മുന്നോട്ടു പോകാനൊക്കില്ലെന്ന് മലയാള സിനിമാ സംവിധായകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന വര്‍ഷം.ജൂറി അധ്യക്ഷന്‍ ഷാജി എന്‍ കരുണിനു പോലും ഇക്കാര്യത്തില്‍ മറിച്ചൊരഭിപ്രായമുണ്ടാവാന്‍ സാധ്യതയില്ല. ഈ മാറ്റങ്ങളോട് ഗുണപരമായി സംവദിക്കുന്ന ഒരു ചിത്രമാണ് ഡിസംബറില്‍ പുറത്തിറങ്ങിയ 'ഇവിടം സ്വര്‍ഗമാണ്'. പല എ ക്ലാസ് തിയറ്ററുകളിലും ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ഈ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ടിപ്പിക്കല്‍ മോഹന്‍ലാല്‍ സിനിമകള്‍ക്ക് സുപരിചിതമായ വഴികളിലൂടെയല്ല നടക്കുന്നത് എന്നതു തന്നെ അതിനെ വ്യത്യസ്ഥമാക്കുന്നു.


ജര്‍മിയാസിന്റെ ലോകം

പരമ്പരാഗത കര്‍ഷകനായ ജര്‍മിയാസി (തിലകന്‍)ന്റെ മകന്‍ മാത്യൂസിന് (മോഹന്‍ലാല്‍) അനുഭവിക്കേണ്ടി വരുന്ന ചില പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മണ്ണ് ഏറ്റവും വിലപിടിപ്പുള്ള ഉത്പന്നമായി മാറി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് റിയല്‍ എസ്റ്റേറ്റുകാരുടെ ഭീഷണിയെ പോലും ചെറുത്തുകൊണ്ട് കൃഷിയോടും മണ്ണിനോടും ചേര്‍ന്നു നില്‍ക്കുന്ന ഒരു കര്‍ഷകന്റെ കഥയുമായി റോഷന്‍ വരുന്നതെന്ന് സിനിമയുടെ സാമൂഹ്യപ്രാധാന്യം വര്‍ധിപ്പിക്കുന്നു. ചാണകം വാരല്‍, പശുവിന് തീറ്റ കൊടുക്കല്‍, കുളിപ്പിക്കല്‍, പുല്ലരിയല്‍, തുടങ്ങിയ കാര്യങ്ങള്‍ നാട്ടിലും വീട്ടിലും പലരും കാണുന്നതും പലപ്പോഴൊക്കെ ചെയ്യുന്നതുമാണ്. അത് സിനിമയിലെത്തിയാലോ... 'അയ്യേ ഇതു കാണാനാണോ തിയറ്ററിലെത്തിയിരിക്കുന്നത്' എന്ന ഭാവമാണ് മലയാളികള്‍ക്ക് പൊതുവെ. ഈ മനോഭാവത്തെ മെരുക്കിയെടുക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം ചിത്രത്തിലുണ്ട്. തൊഴുത്തില്‍ ഒരു ചെറുചിരിക്കുള്ള വകയുമായെത്തുന്ന അനൂപ് ചന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടു. അതേ സമയം, പലപ്പോഴും അരോചകമായി അനുഭവപ്പെടുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഈ രംഗങ്ങളെ കൃത്രിമമാക്കുന്നുമുണ്ട്.

കഥ പോവുന്ന വഴി

പണ്ട് ക്ലാസില്‍ റ്റീച്ചര്‍ കോമ്പോസിഷന്‍ എഴുതിച്ചപ്പോള്‍ തനിക്ക് കര്‍ഷകനാകണമെന്ന് അഭിമാനത്തോടെ പറഞ്ഞ വിദ്യാര്‍ത്ഥി മാത്യൂസിനുള്ളില്‍ എന്നും ജീവിച്ചിരുന്നിരുന്നു. എഴുതി കൊടുത്തത് റ്റീച്ചറന്ന് കീറി കളഞ്ഞെങ്കിലും അവന്‍ തന്റെ വഴിയെ തന്നെ നടന്നു. ഒടുവില്‍ നാട്ടുകാര്‍ക്ക് പച്ചക്കറിയും, പാലും മറ്റു കാര്‍ഷികോത്പന്നങ്ങളും നല്‍കുന്ന വലിയ കൃഷിക്കാരനായി. ഇവിടെയാണ് ലാലു അലക്സിന്റെ റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരന്‍ ആലുവാ ചാണ്ടി വില്ലനായെത്തുന്നത്. മുംബയില്‍ നിന്നുള്ള ബിഗ് ബോസിന് പുഴയുടെ തീരത്ത് കിടക്കുന്ന മാത്യൂസിന്റെ സ്ഥലം ഇഷ്ടമാവുന്നു. അയാള്‍ക്ക് അതു വേണം. മാത്യൂസിന് ആണെങ്കില്‍ തന്റെ മണ്ണ് വിട്ട് പോകാനും പറ്റുന്നില്ല. ആലുവാ ചാണ്ടി അവിടെ റ്റൗണ്‍ഷിപ് ഉണ്ടാക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് പരത്തുന്നതിനെ തുടര്‍ന്ന് ഗ്രാമത്തിലെ ആളുകള്‍ മാത്യൂസിനെതിരാവുന്നു. അങ്ങിനെ മാത്യൂസ് വികസനവിരോധിയായി മാറുന്നു.

അയല്വാസികളും ആലുവാ ചാണ്ടിയും ശത്രുക്കളായതിനു പുറമേ, സര്‍ക്കാരും ഒടുവില്‍ മാത്യൂസിന് എതിരാവുന്നു. സര്‍ക്കാര്‍ എന്നു പറഞ്ഞാല്‍ ഇവിടെ പണം കൊടുത്ത് സ്വാധീനിക്കാന്‍ പറ്റുന്ന ഡിപാര്‍ട്മെന്റാണ്. വികസനത്തിന് എതിരായ സമീപനമാണ് സിപിഎം കൈകൊള്ളുന്നതെന്ന് ഏരിയ സെക്രട്ടറിയായ ബാലചന്ദ്രന്‍ ചുള്ളീക്കാടിന്റെ കഥാപാത്രം പറയുന്നുണ്ട്. തുടര്‍ന്ന് റ്റൗണ്‍ഷിപ്പിന് അനുകൂലമായ തീരുമാനം എടുക്കുന്നതായും കാണാം. ഈ കഥാപാത്രത്തിലൂടെ മാര്‍ക്സിസ്റ്റ് പാര്‍ടിയെ താറടിച്ചു കാണിക്കാനുള്ള ശ്രമം അതിശയോക്തിപരമായി തന്നെ സിനിമയില്‍ നടക്കുന്നുണ്ട്. ഏതൊരു രാഷ്ട്രീയ പാര്‍ടിയും ഒരു കൗതുക വസ്തു എന്നതിനപ്പുറം പാര്‍ടിയില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ജീവവായുവാണെന്ന് ചിലപ്പോഴെങ്കിലും വിമര്‍ശകര്‍ മറന്നു പോകാറുണ്ട്. ഒന്നിനോടും ആത്മാര്‍ത്ഥത വേണ്ടാത്തവരുടെ ലോകമാണ് കാഴ്ചയിലെ ആനന്ദമെന്ന് കരുതുന്നവരുടെ ശരിയില്‍ കഴിയുമ്പോള്‍ എല്ലാം മറക്കാം. വ്യവസായാനന്തര (അരാജക) മധ്യവര്‍ഗത്തിന്റെ സംഘാടനവിരുദ്ധ രാഷ്ട്രീയമാണിതെന്നു കരുതി ആശ്വസിക്കാന്‍ ശ്രമിക്കാം.

ഏറ്റുമുട്ടല്‍

വില്ലനേയും നായകനേയും പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഏറ്റുമുട്ടലിനെ കുറിച്ച് പറയാതെ പോകുന്നത് ശരിയല്ലല്ലോ. അവസാന കളിക്ക് മാത്യൂസും ആലുവാ ചാണ്ടിയും ഒരുങ്ങുന്നു. പക്ഷേ മോഹന്‍ലാലിന് സിനിമാറ്റിക് ചവിട്ടിലും, കയറിപിടിക്കലിനുമൊന്നും സംവിധായകന്‍ അവസരം നല്‍കുന്നില്ല. അമിക്കസ് ക്യൂറിയായെത്തുന ശ്രീനിവാസന്‍ ആലുവാ ചാണ്ടിയുടെ അഡ്വക്കേറ്റ് മണിയന്‍ പിള്ള രാജു എന്നിവരും അവസാന ഭാഗത്ത് സിനിമയ്ക്ക് രസവും താളവും നല്‍കുന്നുണ്ട്. ലാലു അലക്സിന്റെ ഏകാംഗ പ്രകടനവും, ജഗതി ശ്രീകുമാറിന്റെ ആധാരമെഴുത്തും അരങ്ങു തകര്‍ക്കുമ്പോള്‍ സിനിമ കാണാനെത്തിയവര്‍ ആശ്വസിക്കും. ചിരിക്കും, കയ്യടിക്കും. ആധാരമെഴുത്തിലെ കള്ളക്കളികള്‍ തിരിച്ചു കളിക്കുന്നതിലൂടെ മാത്യൂസും സംഘവും ജയിക്കുന്നു. തോല്‍ക്കുന്നവരില്‍ മന്ത്രി പണിക്കാര്‍ വരെ പെടും.

ചാനല്‍ വിപ്ലവം

ബ്ലെസിയുടെ 'കല്‍ക്കത്ത ന്യൂസ്' മുതല്‍ പല പടങ്ങളിലും തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെട്ട കാഴ്ചവസ്തുക്കളാണ് മാധ്യപ്രവര്‍ത്തകരും അവരുടെ നൂറുകൂട്ടം അഭ്യാസങ്ങളും. എന്നിരുന്നാലും മലയാളി പ്രേക്ഷകനേയും, സംവിധായകരേയും ഒരുപോലെ ആകര്‍ഷിക്കാവും വിശ്വാസമാര്‍ജിക്കാനും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. 'ഇവിടം സ്വര്‍ഗമാണി'ലുമുണ്ട് ഒരു ചാനല്‍ പ്രവര്‍ത്തകയും അവര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളും. മാത്യൂസിന്റെ വിജയകഥയിലെ സഹായിയാണ് ഇവര്‍.

ഒറ്റവാക്ക്

എല്ലായ്പോഴും സിനിമ സിനിമാറ്റിക് ആയിരിക്കണമെന്നില്ല. ഒരു അഭിനേതാവിന്റെ ജീവിതം കിടക്കുന്നത് ലാഭനഷ്ടക്കണക്കുകളുടെ ഗ്രാഫിന്റെ പുറത്ത് മാത്രമല്ലല്ലോ. സൂപ്പര്‍ഹിറ്റുകളുടെ എണ്ണത്ത്ലും കനത്തിലും താരപ്പൊലിമ വിലയിരുത്തപ്പെടുമ്പോഴാണ് സാധാരണ ജീവിതം നമ്മുടെ താരങ്ങള്‍ പലരും മറന്നു പോകുന്നത്. ഈ മറക്കലിന്റെ പേരില്‍ ഒരുപാട് പഴി കേട്ടിട്ടുള്ള നടനാണ് മോഹന്‍ലാല്‍. 'സമ്പൂര്‍ണമായ നായകസങ്കല്പങ്ങളില്‍' നിന്നും സാധാരണ ജീവിതത്തിലേക്ക് ഇറങ്ങി വരാന്‍ വല്ലപ്പോഴും മോഹന്‍ലാലിനെ പോലുള്ളവര്‍ തയ്യാറാവുന്നുണ്ടല്ലോ. അത്രയും നല്ലതാണെന്ന് കരുതുക.

സുനീഷിന്റെ മറ്റു ലേഖനങ്ങള്‍

ജീവിതം എന്ന കുറ്റവും ശിക്ഷയും

Developed and managed by SPACE | About | Policy | Report Us | Archive |