Subscribe

നവമാധ്യമങ്ങള്‍ ആശയ വിനിമയത്തിന്റെ പുതിയ മുഖം

സി.എസ്. .വെങ്കിടേശ്വരന്‍ :

നമ്മുടെ പൊതുവ്യവഹാരങ്ങളെ അഭൂതപൂര്‍വ്വമായ വിധം മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ് ഇന്റര്‍നെറ്റ് തുടങ്ങിയ നവമാധ്യമങ്ങള്‍. പരമ്പാരഗതമായ രേഖീയ ആശയ സംവേദന പ്രക്രിയകളുടെ സ്ഥാനത്ത് കേന്ദ്രീകൃതമല്ലാത്തതും അനവധി തലങ്ങളില്‍ സാധ്യമാകുന്നതുമായ ബൃഹത്തായ ആശയവിനിമയ വിപ്ലവത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ ഇന്ന് ഈ ആശയവിനിമയ ശൃംഖലയുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വരെ സ്വയപ്രകാശനം നി‍ഷേധിക്കപ്പെട്ടിരുന്ന നിരവധികൂട്ടങ്ങള്‍ക്ക് ഒത്തു ചേരുന്നതിനും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും രാഷ്ട്രീയ സ്വാധീനം രൂപീകരിക്കുന്നതിനും ഇന്റര്‍നെറ്റിലുള്ള WEB 2.0, വിക്കികള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ സാധിക്കുന്നു.

 

മാധ്യമരംഗത്തെ പുതിയ പ്രവണതയായ സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ സാധ്യതകള്‍ പ്രയോഗിക്കുന്നതിന് നവ മാധ്യമങ്ങള്‍ വളരെയധികം സഹായിക്കുന്നു. മൂലധനത്തിന്റേയും വൈദഗ്ദ്യത്തിന്റേയും കേന്ദ്രീകരണത്തെ അപ്രസക്തമാക്കുന്ന ഈ പുതിയ സാഹചര്യം ഇതുവരെ നിഷ്ക്രിയ-ഉപഭോക്താക്കൾ മാത്രമായിരുന്ന ഒരു വലിയ ജനസമൂഹത്തെ ഉല്പാദകർ കൂടിയാക്കിമാറ്റാനുള്ള സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. പ്രൊഫഷണല്‍ അല്ലാത്ത സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളുടെ ഇടപെടലിന് വലിയ സാധ്യതകള്‍ ഇവ തുറന്നു തരുന്നു. നേരത്തെ വലിയ മൂലധന കേന്ദ്രീകൃത വ്യവസ്ഥകളുടെ കീഴില്‍ മാത്രം സാധ്യമായിരുന്ന മാധ്യമപ്രവര്‍ത്തനം ഇതുമൂലം ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ സഹായിക്കുന്നു. നവമാധ്യമങ്ങളുടെ വരവോടുകൂടി നിലവിലിരുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ ഡിജിറ്റൈസ് ചെയ്യപ്പെടുകയാണുണ്ടായത്. അസമത്വങ്ങളെ തുടച്ചു നീക്കുന്നതിന് നവമാധ്യമങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നത് അന്വേഷിക്കേണ്ടതാണ്.

 

ആഗോളതലത്തില്‍ വ്യത്യസ്തതലങ്ങളിലുള്ള സംവേദനക്രിയകള്‍ സാധ്യമാണെങ്കിലും കൂടുതലും ആഗോളതലത്തിലുള്ള ശബ്ദങ്ങള്‍ പ്രാദേശിക തലങ്ങളിലേക്ക് വിനിമയം ചെയ്യുകയാണ് ചെയ്യുന്നത്. ആഗോളമൂലധന കേന്ദ്രീകൃത സ്ഥാപനങ്ങളുടെ സംവേദന രീതകള്‍ ഇവിടെ ആവര്‍ത്തികപ്പെടുകയാണുണ്ടാകുന്നത്. പ്രാദേശിക ജനവിഭാഗങ്ങളുടെ ശബ്ദങ്ങള്‍ ആഗോള തലങ്ങളില്‍ വിനിമയം ചെയ്യപ്പെടുക എന്നതാണ് പ്രധാന വെല്ലുവിളി. ഒപ്പം തന്നെ നവസാമൂഹ്യപ്രസ്ഥനങ്ങളുമായുള്ള ഇവയുടെ കൈകോര്‍ക്കല്‍ പുതിയതും വൈവിധ്യമാര്‍ന്നതുമായ വിമോചനസാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. പ്രാദേശികതലങ്ങളിലുള്ള പ്രശ്നങ്ങള്‍, അനേഷണങ്ങൾ, കണ്ടെത്തലുകള്‍, മുന്നേറ്റങ്ങള്‍ തുടങ്ങിയവയെ നവമാധ്യമങ്ങള്‍ക്ക് ഏങ്ങനെ ശാക്തീകരിക്കുന്നതിനും, വിനിമയം ചെയ്യുന്നതിനും, സാധിക്കുമെന്നത് മറ്റൊരു ചോദ്യമാണ്. പ്രാദേശിക തലങ്ങളിലുള്ള സംവാദം ശക്തമാക്കണം അതിനായി നവമാധ്യമങ്ങളെ സാമൂഹികവും, രാഷ്ട്രീയവുമായി പ്രസക്തമായ ഒരു ഉപകരണമാക്കിമാറ്റിയെടുക്കേണ്ടതുണ്ട്.

 

ശാരീരികമായതലത്തിൽ ആഗോളിയമായി ചിതറിക്കിടക്കുന്നവരും ഒറ്റപ്പെട്ടവരും ഒന്നിച്ചുവന്ന് ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ക്ക് രൂപം നല്‍കുന്നു. ഒരര്‍ഥത്തില്‍ ഇതിലൂടെ സാമൂഹികവല്‍ക്കരണത്തിനൊപ്പം തന്നെ ഒരു തരം നിര്‍വ്യക്തീകരണം സംഭവിക്കുന്നുണ്ട്. പ്രാദേശികവും വൈവിധ്യമാര്‍ന്നതുമായ ഈ ശബ്ദങ്ങളെ ഏങ്ങനെ സാമൂഹ്യവല്‍ക്കരിക്കാന്‍ സാധിക്കും? ഈ ശബ്ദങ്ങളെ ഒരുമിപ്പിക്കുകയും, ചിതറിക്കിടക്കുന്ന ശബ്ദങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നതിലൂടെ നവസാമൂഹിക രാഷ്ടീയ-ജീവിതശൈലികള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അങ്ങനെ മലയാളത്തിലെ വെര്‍ച്വല്‍ ലോകത്തെ സാമൂഹ്യവല്‍ക്കരിക്കാന്‍ നമുക്കു സാധിക്കണം. ഇതൊരു രാഷ്ട്രീയ ദൗത്യമായിതന്നെ ഏറ്റെടുക്കാന്‍ നാം തയ്യാറാകണം. ഡിജിറ്റല്‍ തലത്തിലുള്ള വിഭാഗീയതകളെ നേരിട്ടുകൊണ്ട് യഥാര്‍ഥ സിവില്‍ സമൂഹ-സംവാദങ്ങള്‍ക്ക് വേദിയൊരുക്കിക്കൊണ്ട് മലയാളത്തിന്റെ വെബ് സാന്നിധ്യം ശക്തമാക്കുക എന്നതാണ് നാം നേരിടുന്ന വെല്ലുവിളി. പ്രാദേശികസംരംഭങ്ങള്‍, പ്രകാശനങ്ങള്‍, സാഹിത്യകലാപ്രസ്ഥാനങ്ങള്‍, രാഷ്ട്രീയസമരങ്ങള്‍, ഇവയുടെ പ്രകാശനങ്ങള്‍ക്കും ആഗോളീയമായ കൈകോര്‍ക്കലുകള്‍ക്കും കളമൊരുക്കികൊണ്ട് വളര്‍ന്നുപടരേണ്ട രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സംരംഭമാകണം ഇല.

 

 

നമ്മുടെ പൊതുവ്യവഹാരങ്ങളെ

നമ്മുടെ പൊതുവ്യവഹാരങ്ങളെ അഭൂതപൂര്‍വ്വമായ വിധം മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ് ഇന്റര്‍നെറ്റ് തുടങ്ങിയ നവമാധ്യമങ്ങള്‍. പരമ്പാരഗതമായ രേഖീയ ആശയ സംവേദന പ്രക്രിയകളുടെ സ്ഥാനത്ത് കേന്ദ്രീകൃതമല്ലാത്തതും അനവധി തലങ്ങളില്‍ സാധ്യമാകുന്നതുമായ ബൃഹത്തായ ആശയവിനിമയ വിപ്ലവത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

Submitted by admin on Fri, 05/22/2009 - 15:36.
Developed and managed by SPACE | About | Policy | Report Us | Archive |