Subscribe

ചൈന ലോകം ഭരിക്കുമ്പോള്‍...

കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കാലം ലോകം ഭരിച്ചത് രണ്ടു ശക്തികേന്ദ്രങ്ങളാണ്: 1850 മുതല്‍ 1914 വരെ ബ്രിട്ടനും, 1945 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളും. എന്നാല്‍, ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള ശക്തികേന്ദ്രങ്ങളായി തുടരുമ്പോഴും ഈ രാജ്യങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു.

സമ്മര്‍ദവും സമ്മതവും തമ്മിലുള്ള‍, അതുപോലെ തന്നെ നേതൃത്വവും അധികാരവും തമ്മിലുള്ള സങ്കീര്‍ണമായ ഒരു ബന്ധത്തിലൂടെ മത്രമേ അധീശത്വം (hegemony) സാധ്യമാവൂ എന്നാണ് ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍ അന്റോണിയോ ഗ്രാംഷിയുടെ സിദ്ധാന്തം. സമൂഹത്തിനുള്ളിലെ അധികാരബന്ധങ്ങളെ വിശദീകരിക്കാനാണ് ഗ്രാംഷി മേല്‍ക്കോയ്മാ സിദ്ധാന്തം ഉപയോഗിച്ചതെങ്കിലും അന്തര്‍ദേശീയ ബന്ധങ്ങളുടെ (International relations) കാര്യത്തിലും ഇതു പ്രസക്തമാണെന്നു കാണാം. അന്തര്‍ദേശീയ വ്യവസ്ഥിതിയില്‍ (International system), പക്ഷേ, ഈ മേല്‍ക്കോയ്മ നിരന്തരം വെല്ലുവിളിക്കപ്പെടുന്ന ഒന്നാണ്. ശാക്തിക സമതുലനം (balance of power) എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാണ്.
അമേരിക്കയുടെ സൈനിക ശേഷി ലോകത്തെ മറ്റു രാജ്യങ്ങളുടെ മൊത്തം ശേഷിയുടെ അത്ര തന്നെ വരുമെങ്കിലും, അതിന്റെയര്‍ഥം, എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ലോക മഹാ ശക്തിക്കുണ്ടെന്നല്ല. അമേരിക്കയുടെ സൈനിക മേധാവിത്വം ഇപ്പോഴും തുടരുന്നുവെന്നത് സത്യം തന്നെ. പക്ഷേ, അമേരിക്കയെന്ന സാമ്പത്തിക ശക്തി ഇന്നു വെല്ലുവിളികള്‍ക്കു നടുവിലാണ്. അതിന്റെ ശക്തിയും സ്വാധീനവും ലോകത്തിന്റെ പല ഭാഗങ്ങളിലും പല മേഖലകളിലും ഏറിയും കുറഞ്ഞുമാണ് അനുഭവപ്പെടുന്നത്. സ്പോര്‍ട്സിന്റെ കാര്യം തന്നെയെടുക്കുക. അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ കായികവിനോദം മറ്റൊരിടത്തും ഇല്ലെന്നു തന്നെ പറയാം. ലോകത്തെ ഏറ്റവും ജനപ്രിയ കായികവിനോദമായ ഫുട്ബോളില്‍ അമേരിക്കയുടെ സാന്നിധ്യം തുച്ഛമാണ്. അതായത്, അമേരിക്കയുടെ ചരിത്രപരവും സമകാലികവുമായ സവിശേഷതകളാണ് ആ രാജ്യത്തിന്റെ മേല്‍ക്കോയ്മയിലും പ്രതിഫലിക്കുന്നത്. സൂപ്പര്‍ പവര്‍ സ്ഥനത്തേക്കുയര്‍ന്നു വരുന്ന ചൈനയുടെ സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്ഥമാവാന്‍ തീരെ സാധ്യതയില്ല.

ഉദയം ചരിത്രത്തില്‍ നിന്ന്

റോമാ‍ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം യൂറോപ് വിവിധ രാജ്യങ്ങളായി പിരിഞ്ഞുകൊണ്ടിരുന്ന സമയത്ത് ചൈന നേര്‍വിപരീത ദിശയില്‍ ഏകീകരണത്തിലേക്കു നടന്നടുക്കുകയായിരുന്നു. ഈ ഐക്യമാണ് ചെനീസ് സംസ്കാരത്തിന്റെ മുന്നോട്ടു പോക്കിനെ ഏറ്റവുമധികം സഹായിച്ചത്. ചൈനീസ് ചരിതത്തിലെ ഏറ്റവും മൗലികമായ പ്രത്യേകതകളിലൊന്നായി ഈ ഐക്യത്തെ കാണാവുന്നതാണ്. ലോകചരിത്രത്തിന്റെ ആഖ്യായികയെ എങ്ങിനെയാണോ യൂറോപ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കലം സ്വാധീനിച്ചത്, അതു തന്നെ ഈ നൂറ്റാണ്ടില്‍ ചൈനയും ചെയ്യും. അതായത്, ചൈന നിയന്ത്രിക്കുന്ന ഒരു ലോകക്രമത്തില്‍ ഇതു വരെയുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്ഥമായ സങ്കല്പങ്ങളും ആശയങ്ങളും വേരുപിടിക്കും. വിഭജനങ്ങള്‍ക്കു പകരം ഐക്യം, ദേശരാഷ്ട്രത്തിനു പകരം സാംസ്കാരിക രാഷ്ട്രം, വെസ്റ്റ്ഫാലിയന്‍ വ്യവസ്ഥിതിക്കു പകരം പരസ്പരബന്ധിതമായ രാജ്യങ്ങളുടെ ഒരു ലോക ക്രമം, ആധുനിക വത്കരണം-യാഥാസ്ഥികത്വം എന്ന ദ്വന്ദ‍ത്തിനു പകരം കേന്ദ്രീകരണം-വികേന്ദ്രീകരണം എന്നിങ്ങനെ അഗോള സംവാദങ്ങളില്‍ കാതലായ മാറ്റം വരും.

അതായത്, ബിസി 211ലെ ഖിന്‍ രാജവംശത്തിന്റെ വിജയം, യുദ്ധകാലഘട്ടത്തിന്റെ (Warring State Period - 403-221 ബിസി) അന്ത്യം, ആധുനിക ചൈനയുടെ ആരംഭം എന്നിവ അമേരിക്കന്‍ ദേശീയതയുടെ തുടക്കം (1776), ഫ്രഞ്ച് വിപ്ലവം (1789) എന്നീ സംഭവങ്ങള്‍ പോലെ ലോകചരിത്രത്തില്‍ ഓര്‍മിക്കപ്പെടും. 1911 വരെ ചൈനയില്‍ നില നിന്ന രാജഭരണ സംവിധാനത്തിനു തുടക്കമിട്ട ഖിന്‍ ഷി ഹുവാങ് ചക്രവര്‍ത്തി തോമസ് ജെഫേഴ്സനോളമോ, നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനോളമോ, അല്ലെങ്കില്‍ അതിലേറെയൊ, പ്രശസ്തനാവും.

ആഗോള സംവാദത്തിന്റെ വഴി തിരിച്ചു വിടാന്‍ ശേഷിയുള്ള നിരവധി വസ്തുതകള്‍ ചൈനീസ് ചരിത്രത്തില്‍ ഇനിയുമുണ്ട്. ഷെങ് ഹിയുടെ യാത്രകള്‍ ക്രിസ്റ്റഫര്‍ കൊളംബസിനും മുമ്പേ നടത്തപ്പെട്ടവയാണെന്നോര്‍ക്കുക. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഷെങ് ഹി നടത്തിയ ഏഴു കപ്പല്‍ യാത്രകള്‍ അദ്ദേഹത്തെ ഇന്ത്യന്‍ സമുദ്രത്തിലേക്കും, ഇന്നത്തെ ഇന്തോനേഷ്യയിലേക്കും, ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തേക്കുമെത്തിച്ചു. എന്നാല്‍ കൊളംബസിനേയും വാസ്കോ ഡ ഗാമയേയും പോലുള്ള യൂറോപ്യന്‍ യാത്രക്കാരെ പോലെ ഒരു കൊളോനിയല്‍ ദൗത്യം ഷെങ് ഹിക്കുണ്ടായിരുന്നില്ല. അങ്ങിനെയൊരജന്‍ഡ ഉണ്ടായിരുന്നെങ്കില്‍ അത്തരം ചൈനീസ് യാത്രകള്‍ തുടര്‍ന്നും ഉണ്ടാകുമായിരുന്നു. അറിയപ്പെടാത്ത സ്ഥലങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നതിനു പകരം അറിയപ്പെടുന്ന സ്ഥലങ്ങളിലെ ജനങ്ങളെ ചൈനീസ് സാമ്രാജ്യത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിലായിരുന്നു ഭരണാധികാരികള്‍ക്കു താല്പര്യം.

സാംസ്കാരിക ദേശീയതയും കമ്യൂണിസവും

യൂറോപ്യന്‍ ആധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ദേശരാഷ്ട്രങ്ങള്‍ (nation states) എന്ന സങ്കല്പം സാര്‍വ ലൗകികമായി അംഗീകരിക്കപ്പെട്ടുവെന്നതാണ്. സ്റ്റേറ്റ് പദവി ലഭിച്ചിട്ടില്ലാത്ത ദേശങ്ങള്‍ പോലും അതിനായി ആഗ്രഹിക്കുന്നു. അന്തര്‍ദേശീയ വ്യവസ്ഥിതിയിലെ സര്‍വ പ്രധാനമായ യൂനിറ്റ് ആണ് ഇന്നു സ്റ്റേറ്റുകള്‍. 1911ലെ വിപ്ലവത്തിനു ശേഷം ചൈന പോലും ഒരു ദേശരാഷ്ട്രമായി സ്വയം പരുവപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. പക്ഷേ ചൈനയെ ഇപ്പോഴും ഭാഗികമായി മത്രമേ ദേശരാഷ്ട്രമെന്നു വിളിക്കാന്‍ പറ്റൂ.

ചൈനയുടെ വേറിട്ട സംസ്കാരിക ചരിത്രമാണ് ആ രാജ്യത്തിനു മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമായ ഒരു സ്വത്വവും സവിശേഷതകളും നല്‍കുന്നത്. ചൈനയുടെ പ്രധാന സവിശേഷതകളെല്ലാം - ഐക്യത്തിനുള്ള അമിത പ്രാധാന്യം, സ്റ്റേറ്റിന്റെ അധികാരവും പങ്കും, കേന്ദ്രീകരണ പ്രവണത, മഹത്തായ ചൈന എന്ന സങ്കല്പം, വംശ ബോധം, കുടുംബ ഘടന എനിവയെല്ലാം - ദേശരാഷ്ട്രമാവാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനു മുന്‍പേ രൂപപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ, ഒരു ലോകശക്തിയായി ഉയരുന്ന ചൈന പടിഞ്ഞാറിന്റേതില്‍ നിന്നും വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ മുഖമാണ് മുന്നോട്ടു വയ്ക്കുക.

രാജ്യത്തിന്റെ ദ്രുത വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയും ആദരവുമുണ്ട്. അതുകൊണ്ടു തന്നെ, വരുന്ന രണ്ടു ദശാബ്ദക്കാലമെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി കാര്യമായ വെല്ലുവിളികളില്ലാതെ അധികാരത്തില്‍ തുടരും. ഇതു വരെയുളള നേട്ടങ്ങളുടെ പട്ടിക നോക്കുമ്പോള്‍, കമ്യൂണിസത്തിന്റെ അഗോള തലത്തില്‍ തന്നെയുള്ള തിരിച്ചു വരവിനു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിദാനമായാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഈ സന്ദര്‍ഭത്തില്‍ മനസിലാക്കേണ്ട ഒരു കാര്യം, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി മുന്‍ സോവിയറ്റ് പാര്‍ടിയില്‍ നിന്നും ഏറെ വ്യത്യസ്ഥമാണെന്നതാണ്. സോവിയറ്റ് യൂനിയന്‍ പരാജയപ്പെട്ടിടത്ത് ചൈന വിജയിച്ചു. സോഷ്യലിസത്തിന്റെ ഗതി മാറി നവലിബറല്‍ മുതലാളിത്തത്തെ ഭാഗികമായെങ്കിലും പുണരാനുള്ള ഡെങ് സിയാവോപിങ്ങിന്റെ തീരുമാനമാണ് ചൈനയെ മാറ്റിത്തീര്‍ത്തതെന്ന് ഇപ്പോള്‍ കാണാവുന്നതാണ്.

അതേ സമയം തന്നെ ചൈനയുടെ സോഷ്യലിസ്റ്റ് പാരമ്പര്യം സമൂഹത്തില്‍ ചൊലുത്തിയിരിക്കുന്ന സ്വാധീനം വലുതാണ്. മാവോയിസ്റ്റ് ഭൂപരിഷ്കരണ കാലത്തു തന്നെ ഫ്യൂഡല്‍ വരേണ്യ വ്യവസ്ഥയെ തകര്‍ക്കാന്‍ ചൈനീസ് പാര്‍ടിക്കായി (ഇന്ത്യയിലെ സ്ഥിതി തുലോം വ്യത്യസ്ഥമാണ്). വര്‍ഗ രഹിത സമൂഹം എന്ന സങ്കല്പ്പത്തിനു സമൂഹത്തിലുള്ള സ്വാധീനം, സ്ഥിതിസമത്വ വാദത്തിനുള്ള സ്വീകാര്യത എന്നിവയെല്ലാം സോഷ്യലിസ്റ്റ് കാലത്തിന്റെ സംഭാവനകളാണ്. ചൈനീസ് ഭരണ വ്യവസ്ഥയുടെ സര്‍വപ്രധാനമായ സവിശേഷത അതിന്റെ കണ്‍ഫ്യൂഷന്‍ പാരമ്പര്യമാണ് - പടിഞ്ഞാറന്‍ ലിബറല്‍ ജനാധിപത്യത്തോടുള്ള അകലം, കേന്ദ്രീകൃത ഭരണസംവിധാനം, ദുര്‍ബലമായ പൗരസമൂഹം എന്നിവ. അതായത് ഒരു ജനാധിപത്യ ചൈന പോലും പടിഞ്ഞാറന്‍ രാഷ്ട്രസങ്കല്പങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായിരിക്കും. കണ്‍ഫ്യൂഷ്യന്‍ സ്വേച്ഛാ ഭരണ വ്യവസ്ഥയും കമ്യൂണിസ്റ്റ് ഭരണകൂടവുമുള്ള ഒരു ഉത്തര കൊളോനിയല്‍ വികസ്വര രാഷ്ട്രമായി ചൈന നില നില്‍ക്കും.

ക്ഷയിക്കുന്ന ലോകാധിപതികള്‍

ചൈനയുടെ ഈ വളര്‍ച്ച ഏറ്റവുമധികം ബാധിക്കുക പടിഞ്ഞാറിന്റെ മേല്‍ക്കോയ്മയെയായിരിക്കും. കാരണം അവരുടെ ചരിത്രപരമായ സ്ഥാനത്തിനു നേരെയാണ് ചൈന വെല്ലുവിളിയുയര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലത്തോളം - ആദ്യം യൂറോപ്പും പിന്നീട് അമേരിക്കയും - പടിഞ്ഞാറന്‍ ലോകം അതിന്റെ ആഗോള മേധാവിത്വം നില നിര്‍ത്തി പോരുകയാണ്. 1945 മുതലാണ് അമേരിക്ക ലോകത്തിന്റെ കേന്ദ്രസ്ഥാനത്തേക്കു വരുന്നത്. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന യൂറോപ്പിന് തങ്ങള്‍ക്കു പ്രാധാന്യം കുറവുള്ള ഒരു പുതിയ ലോകക്രമവുമായി പൊരുത്തപ്പെട്ടു പോവുക ഏറെ വിഷമകരമായിരുന്നു. പ്രത്യേകിച്ചും ബ്രിട്ടനും ഫ്രാന്‍സിനും. ഈ ശക്തിക്ഷയം തടയാനുള്ള ഒരു ശ്രമമെന്ന നിലയിലാണ് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ച് ഒരു നിര്‍ണായക സാമ്പത്തിക കേന്ദ്രമായെങ്കിലും നിലനില്‍ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിച്ചത്.

എന്നാല്‍, യൂറോപ്പിനു പകരം, ലോകനായക സ്ഥാനത്തെത്തിയത് അമേരിക്കയാണ് എന്ന വസ്തുത ഈ അധികാര കൈമാറ്റത്തിന്റെ വ്യാപ്തി ലഘൂകരിച്ചുവെന്നത് കാണാതിരുന്നുകൂടാ. ശീതയുദ്ധ കാലത്തെ സോവിയറ്റ് വിരുദ്ധ രാഷ്ട്രീയം പടിഞ്ഞാറന്‍ ലോകത്തെ ഒന്നടങ്കം ഒരു ചേരിയായി നിലനില്‍ക്കാന്‍ പ്രേരിപ്പിച്ചു. 1989 വരെയെങ്കിലും ഒരു പ്രധാന ശക്തികേന്ദ്രമായി ആഗോള രാഷ്ട്രീയത്തില്‍ തുടരാന്‍ - രണ്ടാം സ്ഥാനത്താണെങ്കിലും - ഈ ശീതയുദ്ധ രാഷ്ട്രീയം പടിഞ്ഞാറന്‍ യൂറോപ്പിനെ സഹായിച്ചു. മാത്രമല്ല, അമേരിക്കയും യൂറോപ്പും പ്രതിനിധാനം ചെയ്യുന്നത് ഏറെക്കുറെ ഒരേ സംസ്കാരവും ചരിത്രവുമാണ്. യൂറോപ്യന്‍ കുടിയേറ്റക്കാരും ആഫ്രിക്കന്‍ അടിമകളും ചേര്‍ന്നാണ് അമേരിക്കയെന്ന ഇന്നത്തെ രാഷ്ട്രം നിര്‍മിക്കുന്നതു തന്നെ. ഈ ചരിത്രപരമായ സാമ്യം യുദ്ധാനന്തര ലോകക്രമത്തിലെ പടിഞ്ഞാറന്‍ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തി.

പക്ഷേ, ചൈനയുടെ ഉയര്‍ച്ച അമേരിക്കക്കോ യൂറോപ്പിനോ ഇതുപോലുള്ള യാതൊരു ഇളവുകളും വാഗ്ദാനം ചെയ്യുന്നില്ല. അധീശത്വം നഷ്ടപ്പെട്ട ഒരു ലോകത്തില്‍, അസംതൃപ്തിയോടെയാണെങ്കിലും, അതിജീവിക്കാന്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി യൂറോപ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ലോകക്രമത്തിലുണ്ടായിട്ടുള്ള ഈ മാറ്റത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ യൂറോപ്യന്‍ ശക്തികള്‍ക്കായിട്ടുണ്ടോ? ബ്രിട്ടന്റെ കാര്യം തന്നെ നോക്കു. തങ്ങളുടെ ആഗോള പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനുള്ള വ്യഗ്രതയില്‍ അമേരിക്കയുടെ ഒരു വാലായി മാറുകയാണ് ഈ മുന്‍ സാമ്രജ്യത്വ രാഷ്ട്രം ചെയ്തത്. കാലങ്ങളായി ബ്രിട്ടന്റെ വിദേശനയം അമേരിക്കന്‍ നയത്തിന്റെ ഒരു ക്ലോണ്‍ പതിപ്പാണ്. അതിന്റെ പ്രതിരോധ, ഇന്റലിജന്‍സ് നയങ്ങള്‍ക്കും യജമാനന്റെ നയങ്ങളില്‍ നിന്നും അല്പം പോലുമില്ല വ്യത്യാസം. അമേരിക്കയുടെ മേലുള്ള ബ്രിട്ടന്റെ അതിരു കവിഞ്ഞ ആശ്രിതത്വം, അതിന്റെ ശക്തിക്ഷയം മാത്രമല്ല കാണിക്കുന്നത്. തങ്ങളുടെ അധീശത്വം നഷ്ടപ്പെട്ട ഒരു പുതിയ ലോകക്രമവുമായി പൊരുത്തപ്പെടുന്നതിലുള്ള പരാജയം കൂടിയാണ്. ഇതു തന്നെയാണ് യൂറോപ് ഇപ്പോള്‍ നേരിടുന്ന സ്വത്വ പ്രതിസന്ധിയുടെ പ്രധാന കാരണവും. യൂറോപ് ഇനി കൂടുതല്‍ അപ്രസക്തമാവാനാണ് സാധ്യത. കഴിഞ്ഞ 400 വര്‍ഷം അതിനുണ്ടായിരുന്ന വിശേഷ സ്ഥാനം ഇനിയൊരിക്കലും തിരിച്ചു വരില്ല. ഗ്രീക്, റോമന്‍ സാമ്രാജ്യങ്ങള്‍ ഇന്നു ഗ്രീസിലേയും ഇറ്റലിയിലേയും ഏതാനും കെട്ടിടങ്ങളുടേയും ശില്പങ്ങളുടേയും പേരില്‍ ഒരു കൗതുകമായി ഓര്‍മകളില്‍ നിലനില്‍ക്കുന്നതു പോലെ യൂറോപ്പിന്റെ സാമ്രാജ്യത്വ ഭൂതകാലവും ഓര്‍മിക്കപ്പെട്ടേക്കാം.

അമേരിക്കയുടെ നിഷ്കാസനം

അമേരിക്കയുടെ അവസ്ഥ ഇതിനേക്കാള്‍ ഭീകരമാണ്. തങ്ങള്‍ക്കു അധീശത്വം നഷ്ടപ്പെടുന്ന ഒരു ലോകക്രമത്തില്‍ അമേരിക്ക എങ്ങിനെ അതിജീവിക്കും എന്നതാണ് ചോദ്യം. ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് ലോകത്തെ ഒരേയൊരു സൂപ്പര്‍ പവറായി അമേരിക്ക സ്വയം മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. തങ്ങള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന ശക്തിക്ഷയം അംഗീകരിക്കുന്നതിനു പകരം ഏകപക്ഷീയമായ സൈനീക നീക്കങ്ങളിലൂടെ അമേരിക്കയുടെ ശക്തി വ്യാപിപ്പിക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിത്തീര്‍ക്കാനുമാണ് ബുഷ് ഭരണകൂടം ശ്രമിച്ചത്. കിഴക്കനേഷ്യയില്‍ ചൈന കാഴ്ച വച്ച പുരോഗതി പോലും ആഗോള ശാക്തിക സമവാക്യങ്ങളിലുണ്ടാവുന്ന മാറ്റങ്ങളായി കാണാന്‍ അമേരിക്കക്കു കഴിഞ്ഞില്ല. ‍

കഴിഞ്ഞ വര്‍ഷം ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ശക്തിക്ഷയം ഒരു യാഥാര്‍ഥ്യമാണെന്നും മാറുന്ന ലോകത്തിനോട് അമേരിക്ക പൊരുത്തപ്പെടണമെന്നും സൂപ്പര്‍ പവര്‍ ഭാഗികമായെങ്കിലും തിരിച്ചറിയുന്നതു തന്നെ. 2006-07ലെ ഡോളറിന്റെ വിലത്തകര്‍ച്ച പോലും മാറ്റി ചിന്തിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചിരുന്നില്ല. സമൃദ്ധമായ ഭൂതകലത്തിന്റെ പ്രൗഢിയില്‍ ജീവിച്ചിരുന്ന അമേരിക്ക ഭാവിയില്‍ പതിയിരിക്കുന്ന വെല്ലുവിളികള്‍ തിരിച്ചറിയാതെ പോയി. ഇതേ അജ്ഞതയും നിഷേധാത്മകതയും 1918നു ശേഷം ബ്രിട്ടനും കാണിച്ചിരുന്നു. 1950നു ശേഷം, കോളനികള്‍ എല്ലാം നഷ്ടപ്പെടുന്നു എന്ന ഘട്ടമെത്തിയപ്പോള്‍ മാത്രമാണ് ആഗോള അധികാരഘടനയിലുണ്ടായ മാറ്റവുമായി പൊരുത്തപ്പെടാന്‍ ബ്രിട്ടന്‍ തയറാവുന്നത്. അമേരിക്കയുടെ കാര്യത്തില്‍ വഴിത്തിരിവ്, നവലിബറലിസത്തിനു ചരമക്കുറിപ്പെഴുതിയ 2008 സെപ്റ്റംബറിലെ സാമ്പത്തിക പ്രതിസന്ധിയാണ്.

പടിഞ്ഞാറില്‍ നിന്നും സംസ്കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ വ്യത്യസ്തമാണ് ചൈന എന്ന യാഥാര്‍ഥ്യം മുന്‍ ലോകാധിപതികളുടെ പതനത്തിന്റെ ആക്കം കൂട്ടുന്നു. ബ്രിട്ടനു ശേഷം ലോകത്തിന്റെ അമരത്തേക്കെത്തിയത് അമേരിക്കയായിരുന്നുവല്ലോ. രണ്ടു രാജ്യങ്ങള്‍ക്കും ഉണ്ടായിരുന്ന സമാനതകള്‍ ഏറെയായിരുന്നു. എന്നാല്‍ അമേരിക്കയുമായി സാംസ്കാരികമായോ, രാഷ്ട്രീയമായോ പൊതുവായി യതൊന്നുമില്ലാത്ത ചൈനയാണ് പുതിയ എതിരാളി. അതായത് സമ്പൂര്‍ണമായ നിഷ്കാസനമാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്നര്‍ത്ഥം.

ലോകത്ത് തങ്ങള്‍ക്കിപ്പോഴുള്ള സ്വാധീനശേഷി നഷ്ടപ്പെടുമ്പോള്‍ അതിനെ അമേരിക്ക എങ്ങിനെ അതിജീവിക്കുമെന്നതാണ് ചോദ്യം. ചൈനയുടെ ഉയര്‍ച്ചയോടെ പടിഞ്ഞാറിന്റെ ആഗോള അപ്രമാതിത്വം അവസാനിക്കും. അതോടൊപ്പം, പടിഞ്ഞാന്‍ മൂല്യങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഇപ്പോഴുള്ള പ്രാധാന്യം ഇല്ലാതാവും.

ലോകം എന്നു പറയുന്നത് തങ്ങളുടെ ലോകം, അന്തര്‍ദേശീയ സമൂഹം എന്നത് തങ്ങളുടെ സമൂഹം, ലോക കറന്‍സി (ഡോളര്‍) തങ്ങളുടെ കറന്‍സി, ആഗോള ഭാഷ (ഇംഗ്ലിഷ്) തങ്ങളുടെ ഭാഷ എന്നൊക്കെയായിരുന്നു ഇത്രയും കാലം പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിശ്വാസം. പടിഞ്ഞാറന്‍ എന്ന വിശേഷണത്തിന്റെ അര്‍ത്ഥം 'എല്ലായിടത്തും മുമ്പില്‍' എന്നാണെന്നാണ് പരക്കെയുള്ള പ്രചാരണം. എന്നാല്‍ ആ അവസ്ഥ മാറി തുടങ്ങുകയാണ്. ലോകം ഇനിമുതല്‍ പടിഞ്ഞാറനല്ലെന്ന് മുന്‍ ലോകാധിപതികള്‍ അസ്വസ്ഥതയോടെ തിരിച്ചറിയും. പടിഞ്ഞാറ് ലോകം ഭരിച്ചിരുന്ന കാലത്ത് എങ്ങിനെ അവരുടെ താല്പര്യങ്ങളെ മുറിപ്പെടുത്താതെ മറ്റു രാജ്യങ്ങള്‍ കഴിഞ്ഞു കൂടിയോ ആ അവസ്ഥയിലേക്ക് യൂറോപ്പും അമേരിക്കയും ഒതുങ്ങും. മറ്റു രാജ്യങ്ങളുമായും സംസ്കാരങ്ങളുമായി ഇടപഴകി അവയില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു തയാറാവേണ്ടി വരും. സൈനികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ ഒരു വന്‍ പ്രതിസന്ധിയുടെ ആരംഭത്തിലാണ് അമേരിക്കയിന്ന്. ആ രാജ്യം നേരിടുന്ന സ്വത്വപ്രതിസന്ധിക്ക് ചരിത്രത്തില്‍ സമാനതകളില്ല. ഈ പതനത്തിന്റെ ആഴം പ്രതീക്ഷിച്ചതിലും കൂടുമോ എന്നാണ് ഇനിയറിയേണ്ടത്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ മാര്‍ട്ടിന്‍ ജാക്വസിന്റെ “When China Rules the World: the Rise of the Middle Kingdom and the End of the Western World” എന്ന പുസ്തകത്തില്‍ നിന്ന്.
കടപ്പാട്: ന്യൂസ്റ്റേറ്റ്സ്മാന്‍

Developed and managed by SPACE | About | Policy | Report Us | Archive |